This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള പുലയ മഹാസഭ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള പുലയ മഹാസഭ

കേരളത്തിലെ ഒരു സമുദായ സംഘടന. പി.കെ. ചാത്തന്‍മാസ്റ്ററുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തെ നന്ദാവനം എല്‍.പി. സ്കൂളില്‍ 1968 മാ. 17-ന് കൂടിയ സമ്മേളനത്തില്‍ രൂപീകൃതമായി.

അധഃസ്ഥിത ജനവിഭാഗങ്ങള്‍ക്ക് കേരളത്തിന്റെ പൊതുനിരത്തുകളിലും നഗരങ്ങളിലും പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന കാലത്തുപോലും കായലില്‍ കേവുവള്ളങ്ങള്‍ കെട്ടിയിട്ട് പൊതുസമ്മേളനങ്ങള്‍ സംഘടിപ്പിക്കാനും പൗരാവകാശങ്ങള്‍ക്കുവേണ്ടി പ്രക്ഷോഭങ്ങള്‍ നടത്തുവാനും പുലയ സമുദായത്തിനു കഴിഞ്ഞിരുന്നു. രാജ്യം സ്വാതന്ത്ര്യം നേടുകയും ഫ്യൂഡല്‍ വ്യവസ്ഥയില്‍ നിന്നു മോചനം നേടുകയും ചെയ്തെങ്കിലും സാമൂഹികമായ വിവേചനങ്ങള്‍ അനുസ്യൂതമായി നിലനിന്നിരുന്ന പൊതു പശ്ചാത്തലത്തിലാണ് പുലയസമുദായം സംഘടിച്ച് അവകാശങ്ങള്‍ക്കുവേണ്ടി പോരാടാന്‍ തയ്യാറാകുന്നത്.

വ്യത്യസ്ത രാഷ്ട്രീയാഭിപ്രായ ഭിന്നതകള്‍ക്കതീതമായി പുലയ സമുദായ നേതാക്കള്‍ ഒത്തൊരുമിച്ചു സമ്മേളിച്ച ഈ യോഗത്തില്‍ സമുദായാംഗങ്ങളായ ഉദ്യോഗസ്ഥരും പ്രാദേശിക തലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന അഖില-സമസ്ത-കേരള പുലയ മഹാസഭകളുടെ ഔദ്യോഗിക ഭാരവാഹികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവരുമുള്‍പ്പെടെ ഇരുന്നൂറില്‍പ്പരം പ്രതിനിധികള്‍ പങ്കെടുത്തു. പി.കെ. ചാത്തന്‍മാസ്റ്റര്‍, വെളിയം കേശവന്‍, കെ.പി. കുമാരന്‍ തുടങ്ങിയ സമുദായ നേതാക്കള്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി. കേരള പുലയര്‍ മഹാസഭ സംസ്ഥാനാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനും പുലയരെ ഒന്നടങ്കം ഒരു കൊടിക്കീഴില്‍ അണിനിരത്തണമെന്നും പുലയരുടേതായ ഇതരസംഘടനകളെ ഒരു ഏകീകൃത സംഘടനയില്‍ ലയിപ്പിക്കാനും സമ്മേളനം തീരുമാനമെടുത്തു. തുടര്‍ന്ന് സമസ്ത കൊച്ചി പുലയര്‍ മഹാസഭ, അഖില തിരുവിതാംകൂര്‍ പുലയ മഹാസഭ, മലബാര്‍ ഹരിജന്‍ സമാജം എന്നിവ കെ.പി.എം.എസ്സില്‍ ലയിച്ചു.

പട്ടികജാതി, പട്ടികഗോത്ര വിഭാഗങ്ങളുടെ അരക്ഷിതാവസ്ഥ, ഉന്നതബിരുദധാരികള്‍ വരെ നേരിടുന്ന വര്‍ധിച്ച തൊഴിലില്ലായ്മ, സമൂഹത്തിലും സര്‍ക്കാര്‍ സര്‍വീസിലും നേരിട്ടുകൊണ്ടിരിക്കുന്ന ജാതിവിവേചനം, സംവരണം നിര്‍ത്തലാക്കുമെന്ന ആശങ്ക എന്നിവയ്ക്കെതിരായ കൂട്ടായ മുന്നേറ്റത്തിന് സമ്മേളനം ആഹ്വാനം ചെയ്യുകയും സംവരണം, ഭൂമി, പാര്‍പ്പിടം, തൊഴില്‍, മിനിമംകൂലി, വായ്പാസൗകര്യം, ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സംവരണം, വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം, പട്ടികവിഭാഗങ്ങള്‍ക്ക് സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്, ദേവസ്വം ബോര്‍ഡില്‍ പ്രാതിനിധ്യം തുടങ്ങി 22 ഇന അവകാശപ്രഖ്യാപനത്തിനും പ്രഥമ സമ്മേളനം അംഗീകാരം നല്‍കി.

പുലയ യുവാക്കളുടെ സംഘടനാവേദിയായ കേരള പുലയ യൂത്ത് മൂവ്മെന്റ്, കേരള പുലയ മഹിളാ ഫെഡറേഷന്‍, ഉദ്യോഗസ്ഥരുടെ സംഘടനയായ കേരള പുലയ എംപ്ലോയീസ് ഫോറം, കുട്ടികളുടെ വേദിയായ തരംഗം ബാലയൂണിറ്റ്, സ്വയംസഹായ പദ്ധതിയായ പഞ്ചമി എന്നീ പോഷക സംഘടനകളും കെ.പി.എം.എസ്സിനുണ്ട്. തിരുവനന്തപുരത്ത് വെങ്ങാനൂരിലെ അയ്യന്‍കാളി മെമ്മോറിയല്‍ യു.പി. സ്കൂള്‍ നിലവില്‍ കെ.പി.എം.എസ്സിന്റെ ഉടമസ്ഥതയിലാണ്. തിരുവനന്തപുരത്തെ നന്ദാവനത്താണ് കെ.പി.എം.എസ്സിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. നയലപം എന്ന ഒരു പ്രസിദ്ധീകരണവും സംഘടനയ്ക്കുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍